ചിങ്ങനല്ലൂർ എൽ.പി.എസ്

ഒരു സ്കൂൾ പി.ടി.എ സംരംഭം

Latest Post

മൂന്നാമത് എക്സിക്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഹെഡ്മിസ്റ്റ്രസ്സ് പരാമർശിച്ച കാര്യം പി.ടി.എ കമ്മിറ്റി സസന്തോഷം ഏറ്റെടുത്തു. സ്കൂളിലെ മൂത്രപ്പുരയുടെയും പ്രീ-പ്രൈമറി ക്ളാസിൻ്റെയും ചുറ്റുമുള്ള കാടും പുല്ലും വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ പി.ടി.എ അംഗങ്ങൾ മുന്നിട്ടിറങ്ങി. രണ്ട് ദിവസം മാത്രമായി ഒതുക്കിയ പരിപാടിയിൽ അദ്ധ്യാപികമാരും ഉത്സാഹത്തോടെ പങ്കെടുത്തു. 5 മണി വരെയും അവർ നിന്നു. 
ശ്രമദാനം എന്ന് പറയുന്നത് സ്വന്തം പരിശ്രമം ദാനമായി നൽകുക എന്നതാണ്. അംഗങ്ങളുടെ കൈയിൽ നിന്ന് പണം പിരിച്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിക്കാതിരുന്നത് ഈ ദാനത്തിനു ആളുകൾ തയ്യാറുണ്ടെന്ന് മനസ്സിലായതിനാലാണ്. പണം പിരിച്ച് ചെയ്യാമായിരുന്നെങ്കിൽ സ്കൂളിലെ അടിസ്ഥാനപരമായ ഒട്ടേറെ കാര്യങ്ങൾ പരിഹരിക്കാതെ കിടക്കുന്നത് നമ്മൾ കണ്ടില്ലെന്ന് നടിക്കേണ്ടി വരും. ഇതിനൊക്കെയായി പണപ്പിരിവ് നടത്താൻ തീയതി തീരുമാനിച്ചിരിക്കുകയാണ്. 
ഇനി എൻ്റെ കുട്ടിയെ മാത്രം നോക്കിയാൽ മതി എന്ന ഭാവം നമ്മൾ വെടിയണം എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. നമ്മളുടെ കുട്ടികൾ സാമൂഹ്യവത്കരിക്കപ്പെടുന്നതിൻ്റെ പ്രധാന കണ്ണി അവരുടെ പീയർ ഗ്രൂപ്പ് അഥവാ അവരുടെ സമപ്രായക്കാരായ മറ്റ് കുട്ടികളാണ്. അവരുടെ ഇടയിലൂടെയാണ് നമ്മളുടെ കുട്ടികൾ വലുതാവുന്നതും വളരുന്നതും. നമ്മളുടെ കാലം കഴിഞ്ഞാൽ അവർ വളരേണ്ടത് മറ്റ് കുട്ടികളുടെ ഇടയിലാണ്. അപ്പോൾ നമ്മളുടെ കുട്ടികൾ മാത്രം നന്നായി മറ്റുള്ളവർ ചീത്തയായിപ്പോയാൽ അങ്ങനെയുള്ള ഒരു സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ ഓമനിച്ച് വളർത്തിയ നമ്മളുടെ കുട്ടികൾ ചീത്തയാകും എന്ന് പറയേണ്ടതില്ലല്ലോ. ആകയാൽ ഞാനുൾപ്പെടെ രണ്ട് ദിവസമായി ശ്രമദാനം നടത്തിയ എല്ലാവരും ഈ തിരിച്ചറിവ് കാരണം എല്ലാവരെയും ഞങ്ങളുടെ കുട്ടികളായി കണ്ടു. പ്രീപ്രൈമറിയുടെ ചുറ്റുമുള്ള കാടും ടോയ്ലറ്റിനു ചുറ്റുമുള്ള കാടും വഴിയും മറ്റുമാണ് ഇപ്പോൾ വൃത്തിയാക്കിയിട്ടുള്ളത്. ടീച്ചർമാരും കമ്മിറ്റി അംഗം മഞ്ജുഷയും നൽകിയ ശീതള പാനീയങ്ങളും, ഉഴുന്നു വട, പരിപ്പ് വട ഒക്കെ രസിച്ച് ആസ്വദിച്ച് തന്നെ ഞങ്ങൾ പണിയെടുത്തു. ഭാവിയിൽ കൂടുതൽ ആളുകൾ സ്കൂളിൻ്റെ എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 
ഇത് നമ്മളുടെ സ്കൂളാണ്. ഇതിനു ശരികേടുണ്ടെങ്കിൽ ശരിയാക്കേണ്ടത് നമ്മളാണ്. ഇതിൻ്റെ നന്മ നമ്മളുടെ നന്മയാണ്. ഒരാൾ വിചാരിച്ചാൽ ഇവിടെ ഒരു വിപ്ളവവും നടക്കില്ല. ഒത്തൊരുമ വലിയൊരു ശക്തിയാണ്. രണ്ട് ദിവസമായി ഒരുമിച്ച് നിന്നവരുടെ പേരു കൂടെ പറഞ്ഞ് കൊള്ളട്ടെ: സുലേഖ ടീച്ചർ, ലജ റ്റീച്ചർ, കുമാരി ഗീത റ്റീച്ചർ, വിദ്യ റ്റീച്ചർ, ഹാനിത റ്റീച്ചർ, സോമൻ സർ, വിദ്യ, ബിനു, ഹബീബ, ഷിബിന, ധീനു, മഞ്ജുഷ.ഇനി ഇതിൻ്റെ ഫേസ്-2 ഒക്ടോബർ രണ്ടിനു നടത്താനാണ് ആഗ്രഹം.

കൊല്ലവർഷം 1099-ലെ[ഇംഗ്ളീഷ് വർഷം 1924] പ്രളയത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 2018ലെ പ്രളയദുരിതം. കടുത്ത വേനൽ വന്നപ്പോൾ ഒരിറ്റ് മഴയ്ക്ക് വേണ്ടി ദാഹിച്ചു, കറുത്ത കർക്കിടകത്തിനൊടുവിൽ തിമിർത്ത് പെയ്ത്ത് തുടങ്ങിയ മഴ ഇത്രത്തോളം കനക്കുമെന്ന് ആരും കരുതിയിരുന്നില്ല. പ്രവചനങ്ങൾ, നിരീക്ഷണങ്ങൾ എല്ലാം പിഴച്ചു. വേനൽ ഇത്രയും കടുത്തതിനാൽ ഇനിയുള്ള മഴ അതിഭയങ്കരമായിരിക്കും എന്ന് ഊഹിച്ചിരുന്നെങ്കിൽ അതിൽ തെറ്റ് പറയാനാവില്ല. ചിങ്ങോലി ചിങ്ങനല്ലൂർ സ്കൂളും പരിസരവും ദുരന്തത്തിൽ പെടാതെ ഒറ്റപ്പെട്ടു നിന്നു. ഏത് മഹാദുരന്തത്തിലും ഒരു കൈത്തിരി ദൈവം അവശേഷിപ്പിക്കും. അക്ഷരാർത്ഥത്തിൽ അതായിരുന്നു ചിങ്ങനല്ലൂർ.
ക്യാമ്പുകൾ തുറന്നു. എല്ലായിടവും അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞു. സ്ഥിരം ക്യാമ്പായ കാർത്തികപ്പള്ളി സ്കൂൾ, സെൻ്റ്.തോമസ് സ്കൂൾ, ട്രിനിറ്റി സ്കൂൾ, പള്ളികൾ എന്നിവയിൽ ചിങ്ങനല്ലൂരിലെ ചില കുട്ടികൾ ഉൾപ്പെടെ കഴിയുന്നു.
കാർത്തികപ്പള്ളി സ്കൂൾ
Chinganalloor Flood Help
Food Supply
കൈയിൽ കരുതിയതൊന്നുമില്ല. എങ്കിലും ചിങ്ങനല്ലൂർ അടങ്ങിയിരുന്നില്ല. പി.ടി.എ ഉണർന്നു പ്രവർത്തിച്ചു. ടീച്ചർമാർ കൈ നിറയെ ഭക്ഷണസാധനങ്ങൾ വാങ്ങി മറ്റ് പി.ടി.എ അംഗങ്ങളും കൂടി അവയുമായി കാർത്തികപ്പള്ളി സ്കൂളിലേക്ക്. നമ്മളുടെ കുട്ടികളെ കണ്ട് ആശ്വസിപ്പിച്ചു. മറ്റ് അന്തേവാസികളെയും ആശ്വസിപ്പിച്ചു. കുട്ടികൾക്ക് ചെറിയ പനിയുടെ ലക്ഷണമുണ്ടായിരുന്നു. മറ്റ് പലരും രോഗബാധിതരായിരുന്നു. ചിലർ സ്ഥിരം മരുന്ന് കഴിക്കേണ്ടവരായിരുന്നു. ഹൃദ്രോഗികൾ, അസ്ഥിസംബന്ധമായ അസുഖമുള്ളവർ, മറ്റ് ജീവിതശൈലീരോഗമുള്ളവർ എന്നിവർക്ക് മരുന്നിൻ്റെ കുറവുണ്ടായിരുന്നു. പഞ്ചായത്ത് ഡോക്ടർ അതു വരെ എത്തിയിരുന്നില്ല. ചില മരുന്നുകളുടെ ഫോട്ടോ എടുത്തു കഴിയുന്നത് ചെയ്യാം എന്ന വാഗ്ദാനവുമായി മടങ്ങി. ഭക്ഷണസാധനങ്ങൾ ക്യാമ്പ് അധികാരികളെ ഏൽപ്പിച്ചു.
Chinganalloor Flood Help
Interacting with camp members
നങ്ങ്യാർകുളങ്ങര എസ്.എം.എം ഹോസ്പിറ്റൽ ഡോക്ടറും സംഘവും നടത്തുന്ന മരുന്ന് വിതരണത്തിന് നമ്മളെ കൂടി വിളിച്ചു. അതിലും ചിങ്ങനല്ലൂർ പങ്കാളികളായി. കുട്ടികൾക്ക് പനിയുണ്ട് എന്നറിയിച്ചു. ക്യാമ്പിൽ ഡോക്ടർ അപ്പൊഴും എത്തിയിരുന്നില്ല. അതിനാൽ എസ്.എം.എം ഹോസ്പിറ്റൽ ഡോക്ടറോട് ചികിത്സാസഹായം തരണമെന്ന് അഭ്യർത്ഥിച്ചു. ഉടനടി അദ്ദേഹം അത് സമ്മതിച്ചു. പോരാ, ചികിത്സാ സഹായത്തിന് ചിങ്ങനല്ലൂർ വാഹനം റെഡിയാണെന്ന് ക്യാമ്പ് ഒന്നാകെ അനൗൺസ്മെൻ്റ് കൊടുക്കാൻ അഭ്യർത്ഥിച്ചു. പിന്നെ നമ്മളുടെ വാഹനത്തിൽ രോഗികളുമായി നങ്ങ്യാർകുളങ്ങര ഹോസ്പിറ്റലിലേക്ക്. അവിടെയെത്തി സൗജന്യചികിത്സയും മരുന്നും ലഭ്യമാക്കി തിരികെ നമ്മളുടെ കുട്ടികളെയും ക്യാമ്പിലാക്കി പി.ടി.എ അംഗങ്ങൾ മടങ്ങി.
സെൻ്റ്.തോമസ് സ്കൂൾ
Chinganalloor Flood Help
Dress Supply
കൂടുതൽ അഭയാർത്ഥികൾ കാർത്തികപ്പള്ളി സെൻ്റ്.തോമസ് സ്കൂളിൽ ഉണ്ടെന്നറിയുകയും അവിടം കൂടി സന്ദർശിക്കാൻ തീരുമാനിക്കുകയും ചെയ്ത പി.ടി.എ അംഗങ്ങൾ കുറച്ച് വസ്ത്രങ്ങളുമായി പിറ്റേ ദിവസം സെൻ്റ് തോമസിലെത്തി. അപ്പോഴും ക്യാമ്പ് വക വസ്ത്രങ്ങൾ വിതരണം ചെയ്ത് തുടങ്ങിയിരുന്നില്ല. എന്നാൽ ക്യാമ്പിൽ അവ എത്തിയിരുന്നു. നമ്മൾ വിവിധ മുറികളിൽ നേരിട്ടെത്തി ഏറ്റവും ആവശ്യക്കാരെ കണ്ടെത്തി കൈക്കുഞ്ഞുങ്ങൾ അടങ്ങുന്നവർക്ക് കുട്ടികളെ കിടത്താനുള്ള ഷീറ്റുകൾ ഉൾപ്പെടെ നൽകി അവരെ ആശ്വസിപ്പിച്ച് മടങ്ങി. തീർന്നില്ല.....കാർത്തികപ്പള്ളി സ്കൂളിലേക്ക് വീണ്ടുമെത്തി. നമ്മളുടെ കുട്ടികളെ കണ്ടു. പഞ്ചായത്ത് ഡോക്ടർ അപ്പോഴും എത്തിയിരുന്നില്ല. നമ്മളുടെ കുട്ടികളിൽ ചിലർക്ക് കൂടി പനി ഉണ്ടെന്നറിഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമായി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസാരിച്ചു. അര മണിക്കൂറിനു ശേഷം ഡോക്ടറെത്തി. നമ്മളുടെ കുട്ടികളിൽ ചിലർ മരുന്ന് ചികിത്സ തേടി
Chinganalloor Flood Relief
Medicine
. മരുന്നുകൾ സെൻ്റ്.തോമസ് സ്കൂളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവിടെ ചീട്ടുമായി പോയി മരുന്ന് വാങ്ങണമെന്നും പറഞ്ഞു. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും നിസ്സഹായരായില്ല. അവരുടെ കൂട്ടത്തിൽ നിന്നും ഒരു പ്രതിനിധിയെ കണ്ടെത്തി അവരെയും ചീട്ടുകളുമായി സെൻ്റ്.തോമസിലെത്തി മരുന്ന് വാങ്ങിക്കൊടുത്തിട്ടാണ് മടങ്ങിയത്.
വീയപുരം വഴി മേല്പാടം
നമുക്ക് അഭിമാനിക്കാം, ചിങ്ങനല്ലൂർ അവിടെയും എത്തി. വീയപുരം.  വെള്ളത്തിനു നടുവിൽ കന്നുകാലികളും വീട്ടുമൃഗങ്ങളും പക്ഷികളും നായ്ക്കളും പൂച്ചകളും എന്നു വേണ്ട എല്ലാവരും റോഡിൽ നിരന്നും കൂട്ടം കൂടിയും ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു. സ്കൂളിൻ്റെ പേര് വാഹനത്തിൽ പതിച്ച് യാത്ര തുടങ്ങിയ ഞങ്ങൾക്ക് അത് നീക്കം ചെയ്യേണ്ടി വന്നു. വഴിയിലൂടെ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ തടയുകയും ബഹളം വെച്ചും ദേഷ്യപ്പെട്ടും ഓടിയെത്തുന്നയാളുകൾ വസ്തുക്കൾ  ബലമായി എടുത്തു കൊണ്ട് പോകുന്ന സ്ഥിതി. ഇതിനാൽ റോഡിനറ്റത്തെ ക്യാമ്പിൽ അവശ്യസാധനങ്ങൾ എത്തുന്നുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞ് ഞങ്ങൾ സാധാരണ പോലെ യാത്ര തുടർന്നു. അംഗങ്ങളുടെ കൈയിൽ നിന്നും സ്വരൂപിച്ച വസ്ത്രങ്ങളും കുറച്ച് സോപ്പും മറ്റ് വസ്തുക്കളുമായി വാഹനം മുന്നോട്ട്. ആരെയും കുറ്റപ്പെടുത്താനാവില്ല. സ്ഥിതി അത്രയ്ക്ക് ദയനീയമാണ്. എല്ലാ സാധനങ്ങളും ഇവിടെ നിറുത്തി കൊടുത്താൽ റോഡിനറ്റത്തുള്ള ക്യാമ്പിൽ ദുരിതം തീരില്ല. വസ്തുക്കൾ  അടങ്ങിയ കവറുകൾ കാലു കൊണ്ട് മറച്ച് മുന്നോട്ട് നീങ്ങി. തീർന്നില്ല, വെള്ളക്കെട്ട് നമ്മളെ ബുദ്ധിമുട്ടിലാക്കി. കാർ സ്പീഡിൽ വിട്ടപ്പോൾ വെള്ളം റോഡരികിൽ കൂടി ക്യാമ്പുകളിലേക്ക് നടക്കുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ മേലാസകലം തെറിക്കുകയും അവർ പ്രക്ഷുബ്ധരാകുകയും ചെയ്തു. ചിങ്ങനല്ലൂർ തളരാൻ പാടില്ല. പിൻവാങ്ങാനല്ല നമ്മൾ വന്നത്. വാഹനം നിറുത്തുകയോ മറ്റോ  ചെയ്താൽ പിന്നെ സ്റ്റാർട്ട് ചെയ്യുമ്പോൾ വെള്ളം പുകക്കുഴലിൽ കൂടി ഉള്ളിൽ കിടന്ന് വാഹനം പണിമുടക്കുമോ മറ്റോ ചെയ്താൽ സ്ത്രീകൾ അടക്കമുള്ള നമ്മളുടെ ടീം പെട്ടുപോകുമെന്ന് ഭയന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ത്രാണി നമുക്കുണ്ടെന്ന് ഉറച്ച് വിശ്വസിച്ച് നമ്മളിൽ കൂടെ കൂടാൻ കഴിയാത്ത മറ്റ് പി.ടി.എ അംഗങ്ങളുടെ പ്രാർത്ഥനയുടെ പിൻബലത്തിൽ ലക്ഷ്യത്തിലെത്തി. തിരക്കും ബഹളവും ഒഴിവാക്കി ചിങ്ങനല്ലൂർ സ്കൂൾ പി.ടി.എ-യുടെ പേരിൽ കൊണ്ടു പോയ സാധനങ്ങൾ കൈമാറുമ്പോൾ വല്ലാത്ത ചാരിതാർത്ഥ്യമായിരുന്നു. ഇതിൻ്റെ എല്ലാ നല്ല വശങ്ങളും സ്കൂളിലെ കുട്ടികൾക്കും സ്കൂളിനും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹാനിത ടീച്ചർ, വിദ്യ, ബിനു സർ എന്നിവർക്കൊപ്പം വണ്ടി തിരിച്ചു. ഇനി ഏത് സഹായത്തിനും ചിങ്ങനല്ലൂർ ഉണ്ടാകും എന്ന് വാക്ക് കൊടുത്ത് കൊണ്ട്.
Chinganalloor Flood Help
Veeyapuram to Melpadam
പടിഞ്ഞാറ് കോള് കയറി തുടങ്ങി. വീട്ടിലേക്ക് മടങ്ങാം.......ഇല്ല, ആനി ടീച്ചറിൻ്റെ വീട്ടിലേക്ക്. അവിടെയും കയറി. അത്യാവശ്യകാര്യത്തിനായി തമിഴ് നാട്ടിൽ പോയി തിരികെ എത്തി പ്രളയജലത്താൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലക്ഷ്യമില്ലാതെ യാത്ര ചെയ്യേണ്ടി വന്നിരുന്നു ടീച്ചറിന്. ഇപ്പോഴും പരിഭ്രമവും ക്ഷീണവും വിട്ടുമാറാത്ത ടീച്ചറെയും കുടുംബത്തെയും ആശ്വസിപ്പിച്ചു മടങ്ങി.
നമ്മൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നൊക്കെ ഇപ്പോൾ പറയാം. എന്നാൽ ചിങ്ങനല്ലൂർ വളരും. മഹാന്മാർ പറയുന്ന പോലെ നമ്മൾ സ്വപ്നം കാണുക. പരിമിതികൾ മറികടക്കാൻ നമുക്ക് കഴിയും. ഒന്ന് ചെയ്യുക. നമ്മളുടെ എല്ലാ നല്ല കാര്യങ്ങളും മാക്സിമം ഷെയർ ചെയ്യുക. സ്കൂളിന് ഗുണകരമാം വിധം. 

PTA Decisionsഒന്നാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ


രണ്ടാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ

മൂന്നാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ

പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു:
Chinganalloor Alumni
Padmarajan

  • പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ]
  • പത്മാധരൻ പിള്ള
  • അശോകൻ-സിനിമാനടൻ
  • ഹരീന്ദ്രനാഥ്- സഹസംവിധായകൻ, സിനി ആർട്ടിസ്റ്റ്
  • മുതുകുളം ഗംഗാധരൻ പിള്ള-സാഹിത്യകാരൻ
  • നരേന്ദ്രബാബു-ഡോക്ടർ, ലണ്ടൻ
  • സി.നാരായണപിള്ള-ചെന്നൈ ഐ.ഐ.ടിയിലെ ഡീൻ ആയി പ്രവർത്തിച്ചു.

  1. മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
  2. 2017-'18 ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിഷ്ണുജ്യോതി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി
  3. 2016-'17 വർഷത്തെ ബാലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ കുട്ടിക്ക് സിനി ആർട്ടിസ്റ്റും സ്കൂളിൻ്റെ പൂർവ്വ വിദ്യാർദ്ധിയുമായ അശോകൻ ട്രോഫി നൽകി
    Asokan Trophy
    Asokan Trophy
  4. മലയാളത്തിനു കൂടുതൽ മാർക്ക് നേടിയതിന് കുഞ്ഞുണ്ണി മാഷ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
    Kunjunni Prize
    Kunjunni Prize
  5. 3,4 ക്ളാസുകളിൽ 98% കുട്ടികളും മാതൃഭാഷയിലും ഇംഗ്ളീഷിലും വായനാ-ലേഖന പ്രവർത്തനങ്ങൾ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നു.
  6. 1-4 വരെയുള്ള മുഴുവൻ കുട്ടികളും താത്പര്യപൂർവം ഗണിതപ്രവർത്തനങ്ങളിൽ എർപ്പെടുന്നു
  7. കാർഷിക സാംസ്കാരികത്തിലൂടെ പ്ളാസ്റ്റിക്, കീടനാശിനി വിമുക്തമായ ഒരു പുതുതലമുറയെ വാർത്തെടുക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യം വർദ്ധിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രപഠനം സാദ്ധ്യമാക്കി.
  8. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ-അധിഷ്ഠിത പഠനം സാദ്ധ്യമാക്കി
  9. കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിലൂന്നിയുള്ള പഠനം
  10. Kalolsavam
    Kalolsavam
  11. പഠന-പ്രവർത്തനാധിഷ്ഠിതമായ പഠനയാത്രകളും പ്രൗഢഗംഭീരമായ ബാലോത്സവങ്ങളും നടത്തുന്നു.

Nature Conservation
Nature Conservation
ഒന്നാം പിടിഎ എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലെ തീരുമാനമായിരുന്നു ജൂലൈ 28 ലോക പ്രകൃതി സംരക്ഷണദിനം ബോധവത്കരണത്തിൻ്റെ നല്ല വഴികൾ നടപ്പിലാക്കണമെന്ന്. ഇതിനായി പ്ളാസ്റ്റിക്കിനെതിരായ ലഘുലേഖനം വിതരണം ചെയ്യാൻ തീരുമാനിച്ചു.
ഐക്യരാഷ്ട്രസംഘടനയുടെ ആശയമാണ് പ്ളാസ്റ്റിക് വർജ്ജിച്ചു കൊണ്ട് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി പോരാടി അതിനെ തോൽപ്പിക്കണം എന്നത്. അതെ പോലെ സിംഗിൾ-യൂസ് പ്ളാസ്റ്റിക് വിമുക്തമാകണം 2022-ഓടെ ഇൻഡ്യ എന്ന ലക്ഷ്യവും ചേർന്നപ്പോൾ നമ്മളുടെ സ്കൂൾ നടത്തിയ ബോധവത്കരണത്തിനായി ഇതിനെക്കാൾ നല്ല ആശയം ഇല്ല എന്ന് മനസ്സിലായി. 
ഒരു ഘട്ടത്തിൽ തുണി സഞ്ചികൾ വിതരണം നടത്തിയാലോ എന്ന് ചിന്തിച്ചു. അതിനു വേണ്ടി അന്വേഷണം നടത്തി. എന്നാൽ സാധാരണ മിക്ക കടകളിലും [പല വസ്ത്ര വിൽപ്പന കേന്ദ്രങ്ങളിലും] പ്ളാസ്റ്റിക്കിനു പകരം നൽകുന്ന തുണി പോലെ തോന്നിക്കുന്ന ബാഗുകൾ/കവറുകൾ യഥാർത്ഥത്തിൽ പ്ളാസ്റ്റിക് മിക്സ് ആണ് എന്ന് മനസ്സിലായി. ഏഴു വ്യത്യസ്ത തരത്തിലുള്ള പ്ളാസ്റ്റിക് ഉണ്ടെന്നും തിരിച്ചറിഞ്ഞു. അങ്ങനെ സ്കൂളിൻ്റെ പേര് പ്രിൻ്റ് ചെയ്ത് തരാം എന്ന് പറഞ്ഞ കവറുകളുടെ ഓർഡർ ക്യാൻസൽ ചെയ്തു.
Leaflet distribution
Leaflet distribution
കുരുന്നുകളുടെ കൈകളിലൂടെ മാറുന്ന വിലപ്പെട്ട കുറിപ്പ് തന്നെയാണ് ഈ സംരംഭത്തിൽ താരമാകേണ്ടതെന്ന് നിശ്ചയിച്ച് സമീപപ്രദേശത്തെ കടകളിൽ ഉത്സാഹത്തോടെ പി.ടി.എ യുടെ നേതൃത്ത്വത്തിൽ ലഘുലേഖകൾ വിതരണം ചെയ്തു. എല്ലാവരും കുട്ടികളെ വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ നല്ല പാഠം അവർ പഠിക്കുകയായിരുന്നു. ഒടുവിൽ സ്നേഹത്തോടെ ഒരു വ്യാപാരി നൽകിയ വാഴപ്പഴങ്ങൾ സ്വീകരിച്ച് കൊണ്ട് കുട്ടികൾ തിരിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget