August 2018

കൊല്ലവർഷം 1099-ലെ[ഇംഗ്ളീഷ് വർഷം 1924] പ്രളയത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 2018ലെ പ്രളയദുരിതം. കടുത്ത വേനൽ വന്നപ്പോൾ ഒരിറ്റ് മഴയ്ക്ക് വേണ്ടി ദാഹിച്ചു, കറുത്ത കർക്കിടകത്തിനൊടുവിൽ തിമിർത്ത് പെയ്ത്ത് തുടങ്ങിയ മഴ ഇത്രത്തോളം കനക്കുമെന്ന് ആരും കരുതിയിരുന്നില്ല. പ്രവചനങ്ങൾ, നിരീക്ഷണങ്ങൾ എല്ലാം പിഴച്ചു. വേനൽ ഇത്രയും കടുത്തതിനാൽ ഇനിയുള്ള മഴ അതിഭയങ്കരമായിരിക്കും എന്ന് ഊഹിച്ചിരുന്നെങ്കിൽ അതിൽ തെറ്റ് പറയാനാവില്ല. ചിങ്ങോലി ചിങ്ങനല്ലൂർ സ്കൂളും പരിസരവും ദുരന്തത്തിൽ പെടാതെ ഒറ്റപ്പെട്ടു നിന്നു. ഏത് മഹാദുരന്തത്തിലും ഒരു കൈത്തിരി ദൈവം അവശേഷിപ്പിക്കും. അക്ഷരാർത്ഥത്തിൽ അതായിരുന്നു ചിങ്ങനല്ലൂർ.
ക്യാമ്പുകൾ തുറന്നു. എല്ലായിടവും അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞു. സ്ഥിരം ക്യാമ്പായ കാർത്തികപ്പള്ളി സ്കൂൾ, സെൻ്റ്.തോമസ് സ്കൂൾ, ട്രിനിറ്റി സ്കൂൾ, പള്ളികൾ എന്നിവയിൽ ചിങ്ങനല്ലൂരിലെ ചില കുട്ടികൾ ഉൾപ്പെടെ കഴിയുന്നു.
കാർത്തികപ്പള്ളി സ്കൂൾ
Chinganalloor Flood Help
Food Supply
കൈയിൽ കരുതിയതൊന്നുമില്ല. എങ്കിലും ചിങ്ങനല്ലൂർ അടങ്ങിയിരുന്നില്ല. പി.ടി.എ ഉണർന്നു പ്രവർത്തിച്ചു. ടീച്ചർമാർ കൈ നിറയെ ഭക്ഷണസാധനങ്ങൾ വാങ്ങി മറ്റ് പി.ടി.എ അംഗങ്ങളും കൂടി അവയുമായി കാർത്തികപ്പള്ളി സ്കൂളിലേക്ക്. നമ്മളുടെ കുട്ടികളെ കണ്ട് ആശ്വസിപ്പിച്ചു. മറ്റ് അന്തേവാസികളെയും ആശ്വസിപ്പിച്ചു. കുട്ടികൾക്ക് ചെറിയ പനിയുടെ ലക്ഷണമുണ്ടായിരുന്നു. മറ്റ് പലരും രോഗബാധിതരായിരുന്നു. ചിലർ സ്ഥിരം മരുന്ന് കഴിക്കേണ്ടവരായിരുന്നു. ഹൃദ്രോഗികൾ, അസ്ഥിസംബന്ധമായ അസുഖമുള്ളവർ, മറ്റ് ജീവിതശൈലീരോഗമുള്ളവർ എന്നിവർക്ക് മരുന്നിൻ്റെ കുറവുണ്ടായിരുന്നു. പഞ്ചായത്ത് ഡോക്ടർ അതു വരെ എത്തിയിരുന്നില്ല. ചില മരുന്നുകളുടെ ഫോട്ടോ എടുത്തു കഴിയുന്നത് ചെയ്യാം എന്ന വാഗ്ദാനവുമായി മടങ്ങി. ഭക്ഷണസാധനങ്ങൾ ക്യാമ്പ് അധികാരികളെ ഏൽപ്പിച്ചു.
Chinganalloor Flood Help
Interacting with camp members
നങ്ങ്യാർകുളങ്ങര എസ്.എം.എം ഹോസ്പിറ്റൽ ഡോക്ടറും സംഘവും നടത്തുന്ന മരുന്ന് വിതരണത്തിന് നമ്മളെ കൂടി വിളിച്ചു. അതിലും ചിങ്ങനല്ലൂർ പങ്കാളികളായി. കുട്ടികൾക്ക് പനിയുണ്ട് എന്നറിയിച്ചു. ക്യാമ്പിൽ ഡോക്ടർ അപ്പൊഴും എത്തിയിരുന്നില്ല. അതിനാൽ എസ്.എം.എം ഹോസ്പിറ്റൽ ഡോക്ടറോട് ചികിത്സാസഹായം തരണമെന്ന് അഭ്യർത്ഥിച്ചു. ഉടനടി അദ്ദേഹം അത് സമ്മതിച്ചു. പോരാ, ചികിത്സാ സഹായത്തിന് ചിങ്ങനല്ലൂർ വാഹനം റെഡിയാണെന്ന് ക്യാമ്പ് ഒന്നാകെ അനൗൺസ്മെൻ്റ് കൊടുക്കാൻ അഭ്യർത്ഥിച്ചു. പിന്നെ നമ്മളുടെ വാഹനത്തിൽ രോഗികളുമായി നങ്ങ്യാർകുളങ്ങര ഹോസ്പിറ്റലിലേക്ക്. അവിടെയെത്തി സൗജന്യചികിത്സയും മരുന്നും ലഭ്യമാക്കി തിരികെ നമ്മളുടെ കുട്ടികളെയും ക്യാമ്പിലാക്കി പി.ടി.എ അംഗങ്ങൾ മടങ്ങി.
സെൻ്റ്.തോമസ് സ്കൂൾ
Chinganalloor Flood Help
Dress Supply
കൂടുതൽ അഭയാർത്ഥികൾ കാർത്തികപ്പള്ളി സെൻ്റ്.തോമസ് സ്കൂളിൽ ഉണ്ടെന്നറിയുകയും അവിടം കൂടി സന്ദർശിക്കാൻ തീരുമാനിക്കുകയും ചെയ്ത പി.ടി.എ അംഗങ്ങൾ കുറച്ച് വസ്ത്രങ്ങളുമായി പിറ്റേ ദിവസം സെൻ്റ് തോമസിലെത്തി. അപ്പോഴും ക്യാമ്പ് വക വസ്ത്രങ്ങൾ വിതരണം ചെയ്ത് തുടങ്ങിയിരുന്നില്ല. എന്നാൽ ക്യാമ്പിൽ അവ എത്തിയിരുന്നു. നമ്മൾ വിവിധ മുറികളിൽ നേരിട്ടെത്തി ഏറ്റവും ആവശ്യക്കാരെ കണ്ടെത്തി കൈക്കുഞ്ഞുങ്ങൾ അടങ്ങുന്നവർക്ക് കുട്ടികളെ കിടത്താനുള്ള ഷീറ്റുകൾ ഉൾപ്പെടെ നൽകി അവരെ ആശ്വസിപ്പിച്ച് മടങ്ങി. തീർന്നില്ല.....കാർത്തികപ്പള്ളി സ്കൂളിലേക്ക് വീണ്ടുമെത്തി. നമ്മളുടെ കുട്ടികളെ കണ്ടു. പഞ്ചായത്ത് ഡോക്ടർ അപ്പോഴും എത്തിയിരുന്നില്ല. നമ്മളുടെ കുട്ടികളിൽ ചിലർക്ക് കൂടി പനി ഉണ്ടെന്നറിഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമായി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസാരിച്ചു. അര മണിക്കൂറിനു ശേഷം ഡോക്ടറെത്തി. നമ്മളുടെ കുട്ടികളിൽ ചിലർ മരുന്ന് ചികിത്സ തേടി
Chinganalloor Flood Relief
Medicine
. മരുന്നുകൾ സെൻ്റ്.തോമസ് സ്കൂളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവിടെ ചീട്ടുമായി പോയി മരുന്ന് വാങ്ങണമെന്നും പറഞ്ഞു. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും നിസ്സഹായരായില്ല. അവരുടെ കൂട്ടത്തിൽ നിന്നും ഒരു പ്രതിനിധിയെ കണ്ടെത്തി അവരെയും ചീട്ടുകളുമായി സെൻ്റ്.തോമസിലെത്തി മരുന്ന് വാങ്ങിക്കൊടുത്തിട്ടാണ് മടങ്ങിയത്.
വീയപുരം വഴി മേല്പാടം
നമുക്ക് അഭിമാനിക്കാം, ചിങ്ങനല്ലൂർ അവിടെയും എത്തി. വീയപുരം.  വെള്ളത്തിനു നടുവിൽ കന്നുകാലികളും വീട്ടുമൃഗങ്ങളും പക്ഷികളും നായ്ക്കളും പൂച്ചകളും എന്നു വേണ്ട എല്ലാവരും റോഡിൽ നിരന്നും കൂട്ടം കൂടിയും ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു. സ്കൂളിൻ്റെ പേര് വാഹനത്തിൽ പതിച്ച് യാത്ര തുടങ്ങിയ ഞങ്ങൾക്ക് അത് നീക്കം ചെയ്യേണ്ടി വന്നു. വഴിയിലൂടെ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ തടയുകയും ബഹളം വെച്ചും ദേഷ്യപ്പെട്ടും ഓടിയെത്തുന്നയാളുകൾ വസ്തുക്കൾ  ബലമായി എടുത്തു കൊണ്ട് പോകുന്ന സ്ഥിതി. ഇതിനാൽ റോഡിനറ്റത്തെ ക്യാമ്പിൽ അവശ്യസാധനങ്ങൾ എത്തുന്നുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞ് ഞങ്ങൾ സാധാരണ പോലെ യാത്ര തുടർന്നു. അംഗങ്ങളുടെ കൈയിൽ നിന്നും സ്വരൂപിച്ച വസ്ത്രങ്ങളും കുറച്ച് സോപ്പും മറ്റ് വസ്തുക്കളുമായി വാഹനം മുന്നോട്ട്. ആരെയും കുറ്റപ്പെടുത്താനാവില്ല. സ്ഥിതി അത്രയ്ക്ക് ദയനീയമാണ്. എല്ലാ സാധനങ്ങളും ഇവിടെ നിറുത്തി കൊടുത്താൽ റോഡിനറ്റത്തുള്ള ക്യാമ്പിൽ ദുരിതം തീരില്ല. വസ്തുക്കൾ  അടങ്ങിയ കവറുകൾ കാലു കൊണ്ട് മറച്ച് മുന്നോട്ട് നീങ്ങി. തീർന്നില്ല, വെള്ളക്കെട്ട് നമ്മളെ ബുദ്ധിമുട്ടിലാക്കി. കാർ സ്പീഡിൽ വിട്ടപ്പോൾ വെള്ളം റോഡരികിൽ കൂടി ക്യാമ്പുകളിലേക്ക് നടക്കുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ മേലാസകലം തെറിക്കുകയും അവർ പ്രക്ഷുബ്ധരാകുകയും ചെയ്തു. ചിങ്ങനല്ലൂർ തളരാൻ പാടില്ല. പിൻവാങ്ങാനല്ല നമ്മൾ വന്നത്. വാഹനം നിറുത്തുകയോ മറ്റോ  ചെയ്താൽ പിന്നെ സ്റ്റാർട്ട് ചെയ്യുമ്പോൾ വെള്ളം പുകക്കുഴലിൽ കൂടി ഉള്ളിൽ കിടന്ന് വാഹനം പണിമുടക്കുമോ മറ്റോ ചെയ്താൽ സ്ത്രീകൾ അടക്കമുള്ള നമ്മളുടെ ടീം പെട്ടുപോകുമെന്ന് ഭയന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ത്രാണി നമുക്കുണ്ടെന്ന് ഉറച്ച് വിശ്വസിച്ച് നമ്മളിൽ കൂടെ കൂടാൻ കഴിയാത്ത മറ്റ് പി.ടി.എ അംഗങ്ങളുടെ പ്രാർത്ഥനയുടെ പിൻബലത്തിൽ ലക്ഷ്യത്തിലെത്തി. തിരക്കും ബഹളവും ഒഴിവാക്കി ചിങ്ങനല്ലൂർ സ്കൂൾ പി.ടി.എ-യുടെ പേരിൽ കൊണ്ടു പോയ സാധനങ്ങൾ കൈമാറുമ്പോൾ വല്ലാത്ത ചാരിതാർത്ഥ്യമായിരുന്നു. ഇതിൻ്റെ എല്ലാ നല്ല വശങ്ങളും സ്കൂളിലെ കുട്ടികൾക്കും സ്കൂളിനും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹാനിത ടീച്ചർ, വിദ്യ, ബിനു സർ എന്നിവർക്കൊപ്പം വണ്ടി തിരിച്ചു. ഇനി ഏത് സഹായത്തിനും ചിങ്ങനല്ലൂർ ഉണ്ടാകും എന്ന് വാക്ക് കൊടുത്ത് കൊണ്ട്.
Chinganalloor Flood Help
Veeyapuram to Melpadam
പടിഞ്ഞാറ് കോള് കയറി തുടങ്ങി. വീട്ടിലേക്ക് മടങ്ങാം.......ഇല്ല, ആനി ടീച്ചറിൻ്റെ വീട്ടിലേക്ക്. അവിടെയും കയറി. അത്യാവശ്യകാര്യത്തിനായി തമിഴ് നാട്ടിൽ പോയി തിരികെ എത്തി പ്രളയജലത്താൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലക്ഷ്യമില്ലാതെ യാത്ര ചെയ്യേണ്ടി വന്നിരുന്നു ടീച്ചറിന്. ഇപ്പോഴും പരിഭ്രമവും ക്ഷീണവും വിട്ടുമാറാത്ത ടീച്ചറെയും കുടുംബത്തെയും ആശ്വസിപ്പിച്ചു മടങ്ങി.
നമ്മൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നൊക്കെ ഇപ്പോൾ പറയാം. എന്നാൽ ചിങ്ങനല്ലൂർ വളരും. മഹാന്മാർ പറയുന്ന പോലെ നമ്മൾ സ്വപ്നം കാണുക. പരിമിതികൾ മറികടക്കാൻ നമുക്ക് കഴിയും. ഒന്ന് ചെയ്യുക. നമ്മളുടെ എല്ലാ നല്ല കാര്യങ്ങളും മാക്സിമം ഷെയർ ചെയ്യുക. സ്കൂളിന് ഗുണകരമാം വിധം. 

PTA Decisionsഒന്നാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ


രണ്ടാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ

മൂന്നാം എക്സിക്ക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ

പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു:
Chinganalloor Alumni
Padmarajan

  • പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ]
  • പത്മാധരൻ പിള്ള
  • അശോകൻ-സിനിമാനടൻ
  • ഹരീന്ദ്രനാഥ്- സഹസംവിധായകൻ, സിനി ആർട്ടിസ്റ്റ്
  • മുതുകുളം ഗംഗാധരൻ പിള്ള-സാഹിത്യകാരൻ
  • നരേന്ദ്രബാബു-ഡോക്ടർ, ലണ്ടൻ
  • സി.നാരായണപിള്ള-ചെന്നൈ ഐ.ഐ.ടിയിലെ ഡീൻ ആയി പ്രവർത്തിച്ചു.

  1. മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
  2. 2017-'18 ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിഷ്ണുജ്യോതി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി
  3. 2016-'17 വർഷത്തെ ബാലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ കുട്ടിക്ക് സിനി ആർട്ടിസ്റ്റും സ്കൂളിൻ്റെ പൂർവ്വ വിദ്യാർദ്ധിയുമായ അശോകൻ ട്രോഫി നൽകി
    Asokan Trophy
    Asokan Trophy
  4. മലയാളത്തിനു കൂടുതൽ മാർക്ക് നേടിയതിന് കുഞ്ഞുണ്ണി മാഷ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
    Kunjunni Prize
    Kunjunni Prize
  5. 3,4 ക്ളാസുകളിൽ 98% കുട്ടികളും മാതൃഭാഷയിലും ഇംഗ്ളീഷിലും വായനാ-ലേഖന പ്രവർത്തനങ്ങൾ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നു.
  6. 1-4 വരെയുള്ള മുഴുവൻ കുട്ടികളും താത്പര്യപൂർവം ഗണിതപ്രവർത്തനങ്ങളിൽ എർപ്പെടുന്നു
  7. കാർഷിക സാംസ്കാരികത്തിലൂടെ പ്ളാസ്റ്റിക്, കീടനാശിനി വിമുക്തമായ ഒരു പുതുതലമുറയെ വാർത്തെടുക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യം വർദ്ധിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രപഠനം സാദ്ധ്യമാക്കി.
  8. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ-അധിഷ്ഠിത പഠനം സാദ്ധ്യമാക്കി
  9. കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിലൂന്നിയുള്ള പഠനം
  10. Kalolsavam
    Kalolsavam
  11. പഠന-പ്രവർത്തനാധിഷ്ഠിതമായ പഠനയാത്രകളും പ്രൗഢഗംഭീരമായ ബാലോത്സവങ്ങളും നടത്തുന്നു.

Nature Conservation
Nature Conservation
ഒന്നാം പിടിഎ എക്സിക്ക്യൂട്ടീവ് കമ്മിറ്റിയിലെ തീരുമാനമായിരുന്നു ജൂലൈ 28 ലോക പ്രകൃതി സംരക്ഷണദിനം ബോധവത്കരണത്തിൻ്റെ നല്ല വഴികൾ നടപ്പിലാക്കണമെന്ന്. ഇതിനായി പ്ളാസ്റ്റിക്കിനെതിരായ ലഘുലേഖനം വിതരണം ചെയ്യാൻ തീരുമാനിച്ചു.
ഐക്യരാഷ്ട്രസംഘടനയുടെ ആശയമാണ് പ്ളാസ്റ്റിക് വർജ്ജിച്ചു കൊണ്ട് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി പോരാടി അതിനെ തോൽപ്പിക്കണം എന്നത്. അതെ പോലെ സിംഗിൾ-യൂസ് പ്ളാസ്റ്റിക് വിമുക്തമാകണം 2022-ഓടെ ഇൻഡ്യ എന്ന ലക്ഷ്യവും ചേർന്നപ്പോൾ നമ്മളുടെ സ്കൂൾ നടത്തിയ ബോധവത്കരണത്തിനായി ഇതിനെക്കാൾ നല്ല ആശയം ഇല്ല എന്ന് മനസ്സിലായി. 
ഒരു ഘട്ടത്തിൽ തുണി സഞ്ചികൾ വിതരണം നടത്തിയാലോ എന്ന് ചിന്തിച്ചു. അതിനു വേണ്ടി അന്വേഷണം നടത്തി. എന്നാൽ സാധാരണ മിക്ക കടകളിലും [പല വസ്ത്ര വിൽപ്പന കേന്ദ്രങ്ങളിലും] പ്ളാസ്റ്റിക്കിനു പകരം നൽകുന്ന തുണി പോലെ തോന്നിക്കുന്ന ബാഗുകൾ/കവറുകൾ യഥാർത്ഥത്തിൽ പ്ളാസ്റ്റിക് മിക്സ് ആണ് എന്ന് മനസ്സിലായി. ഏഴു വ്യത്യസ്ത തരത്തിലുള്ള പ്ളാസ്റ്റിക് ഉണ്ടെന്നും തിരിച്ചറിഞ്ഞു. അങ്ങനെ സ്കൂളിൻ്റെ പേര് പ്രിൻ്റ് ചെയ്ത് തരാം എന്ന് പറഞ്ഞ കവറുകളുടെ ഓർഡർ ക്യാൻസൽ ചെയ്തു.
Leaflet distribution
Leaflet distribution
കുരുന്നുകളുടെ കൈകളിലൂടെ മാറുന്ന വിലപ്പെട്ട കുറിപ്പ് തന്നെയാണ് ഈ സംരംഭത്തിൽ താരമാകേണ്ടതെന്ന് നിശ്ചയിച്ച് സമീപപ്രദേശത്തെ കടകളിൽ ഉത്സാഹത്തോടെ പി.ടി.എ യുടെ നേതൃത്ത്വത്തിൽ ലഘുലേഖകൾ വിതരണം ചെയ്തു. എല്ലാവരും കുട്ടികളെ വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ നല്ല പാഠം അവർ പഠിക്കുകയായിരുന്നു. ഒടുവിൽ സ്നേഹത്തോടെ ഒരു വ്യാപാരി നൽകിയ വാഴപ്പഴങ്ങൾ സ്വീകരിച്ച് കൊണ്ട് കുട്ടികൾ തിരിച്ചു.

സാന്ത്വനത്തിൻ്റെ കൈത്താങ്ങ്….
മഴക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുക എന്നത് മാത്രമായിരുന്നു അംഗങ്ങളുടെ മനസ്സിൽ. സമയം കുറവു….വാട്ട്സ് ആപ്പ് ഗ്രൂപ്പ് മുഖേന അടിയന്തിര നോട്ടീസ്. രണ്ട് ദിവസത്തിനുള്ളിൽ കഴുകി ഉണക്കിയതും കീറിപ്പറിയാത്തതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങൾ സ്കൂൾ ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
സാന്ത്വനത്തിൻ്റെ പുത്തൻ പാഠങ്ങൾ പഠിക്കാൻ കുഞ്ഞുമനസ്സുകളും ഒത്തു ചേർന്നു. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സഹാനുഭൂതിയുടെയും നല്ല പാഠങ്ങൾ കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ കഴിഞ്ഞ ഒരു ഉദ്യമം കൂടിയായി ഇത്.
Rain havoc help
Rain havoc help
തുണി വെക്കാനുള്ള പെട്ടി സൗജന്യമായി തന്ന് സമീപത്തെ വ്യാപാരിയും ഈ നല്ല ഉദ്യമത്തിനോടൊപ്പം കൂടി. ഒടുവിൽ പ്രതീക്ഷിച്ചതിലും അധികം വസ്ത്രങ്ങൾ അടങ്ങിയ പെട്ടികൾ ഹരിപ്പാട് മനോരമ ഓഫീസിലെത്തിച്ചപ്പോൾ നിസ്സീമമായ ഒരായിരം പുണ്യം ചെയ്ത ചാരിതാർത്ഥ്യം. ഇതിൻ്റെ എല്ലാ നല്ല ഫലങ്ങളും സ്കൂളിലെ പിഞ്ചുകുട്ടികൾക്ക് ലഭ്യമാകട്ടെ എന്ന പ്രാർത്ഥനയായിരുന്നു തിരികെ മടങ്ങുമ്പോൾ മനസ്സ് നിറയെ.

Chinganalloor LPS
Chinganalloor LPS
ഒരു നൂറ്റാണ്ടിനു മേൽ പഴക്കമുണ്ട് ചിങ്ങനല്ലൂരിൻ്റെ ചരിത്രത്തിന്. മലയാള വർഷം 1069-ൽ [ഇംഗ്ളീഷ് വർഷം:1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണിമാർ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ ഒരു വിദ്യാലയം ആരംഭിക്കുവാൻ കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്നും 10 സെൻ്റ് സ്ഥലം ദാനമായി സ്വീകരിച്ച് ആരംഭിച്ച വിദ്യാലയം പിന്നീട് എല്ലാ വിഭാഗക്കാരുടെയും വിദ്യാകേന്ദ്രമായി മാറി.
ആദ്യത്തെ സ്കൂൾ മാനേജർ കുമാരപിള്ള അവർകളിൽ തുടങ്ങി MLA നീലവന മാധവൻ നായർ രൂപീകരിച്ച സ്കൂൾ കമ്മിറ്റിയിലൂടെയും, അതിനു ശേഷം വല്യത്ത് മാധവൻ പിള്ള അവർകൾ, പടിശ്ശേരിൽ മാധവപ്പണിക്കർ എന്നിവർ മാനേജർ, സെക്രട്ടറി എന്നീ നിലയിൽ കമ്മിറ്റി ഉണ്ടായി. 20 സെൻ്റ് സ്ഥലം വാങ്ങി സ്കൂൾ വികസിപ്പിച്ചു. ചിങ്ങോലി പ്രദേശത്തെ ശ്രദ്ധയാകർഷിച്ച മാതൃകാവിദ്യാലയമായി ചിങ്ങനല്ലൂർ സ്കൂൾ മാറി.
ഇപ്പോൾ പാണൻചിറയിൽ ശ്രീ.പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവിൻ്റെ പടവുകളിലൂടെ യാത്ര തുടരുകയാണ് ചിങ്ങനല്ലൂർ സ്കൂൾ.
പ്രധാനാദ്ധ്യാപകർ
മുതുകുളം വാസുദേവൻ നായരിൽ തുടങ്ങി കൊച്ചു കേശവൻ നായർ സാർ, രാഘവൻ പിള്ള സാർ, കമലാക്ഷിയമ്മ റ്റീച്ചർ, ഗോപാലകൃഷ്ണൻ സാർ, രാധാമണിയമ്മ റ്റീച്ചർ, ലീലാമ്മ റ്റീച്ചർ എന്നിവരും പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ശ്രീമതി സുലേഖ റ്റീച്ചർ പ്രധാനാദ്ധ്യാപികയായി തുടരുന്നു.
പുരസ്കാരനിറവ്
Chinganalloor LPS Color
Chinganalloor LPS Color
ചിങ്ങോലി-മുതുകുളം പ്രദേശത്തെ ജാതി-മത ഭേദമെന്യേ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയ സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകൾ നിലനിന്നിരുന്നു. തുടക്കത്തിൽ ഒന്നാം ക്ളാസിൽ 3 ഡിവിഷനുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. എല്ലാ ക്ളാസുകളിലും ഏതാണ്ട് 60 കുട്ടികൾ വീതം വ്യത്യസ്ത ഡിവിഷനുകളിൽ പഠിച്ചിരുന്നു.
ശ്രീമാൻ രാഘവൻ പിള്ള സാറിൻ്റെ പ്രധാനാദ്ധ്യാപക കാലഘട്ടത്തിൽ സ്കൂൾ സമൂഹശ്രദ്ധയാകർഷിക്കുകയും മാതൃകാവിദ്യാലയത്തിനുള്ള പുരസ്കാരവും താമ്രപത്രവും ലഭിക്കുകയും ചെയ്തു. അന്ന് പറോകോയിക്കൽ സ്കൂൾ എന്നാണ് നമ്മളുടെ സ്കൂൾ അറിയപ്പെട്ടിരുന്നത്. പുരസ്കാരവും താമ്രപത്രവും ഇന്നും സ്കൂളിൽ സൂക്ഷിച്ചിരിക്കുന്നു.
ഓർമ്മച്ചെപ്പ്
ഒരു കൂട്ടം മഹാന്മാരുടെ ഓർമ്മച്ചെപ്പിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു ഈ സ്കൂളിൻ്റെ ചിത്രം. യശ:ശരീരനായ സിനിമാ സംവിധായകൻ പത്മരാജൻ, അദ്ദേഹത്തിൻ്റെ സഹോദരൻ ശ്രീ.പത്മാധരൻ പിള്ള, ചലച്ചിത്ര നടൻ അശോകൻ, പ്രശസ്ത സാഹിത്യകാരൻ മുതുകുളം ഗംഗാധരൻപിള്ള എന്നിവരുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്ന് നിൽക്കുന്നു. ലണ്ടനിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ.നരേന്ദ്രബാബു, ചെന്നൈ IIT Dean ആയ ശ്രീ.സി.നാരായണപിള്ള തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ-അദ്ധ്യാപന-സാംസ്കാരിക രംഗങ്ങളിൽ നിരവധി കരുത്തുറ്റ വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ സംഭാവനയാണ്.

കുട്ടികൾക്ക് സംഖ്യാബോധം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, അപഗ്രഥനം എന്നീ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് ഗണിതശേഷി വികസിപ്പിക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയതാണ് ഗണിത ക്ളബ്ബ്. ഇതിലെ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു:
  1. അവലോകനം നടത്തുവാനുള്ള പ്രീ ടെസ്റ്റ്
    Chinganalloor Maths Club
    ഗണിത ക്ളബ്ബ്
  2. സംഖ്യകൾ സാധനയുക്തമായി തിരിച്ചറിയൽ
  3. ഗണിത പസിലുകൾ നിർമ്മിക്കൽ
  4. ഗണിത ലാബ്
  5. ഐ.സി.ടി. സാദ്ധ്യത ഉപയോഗിച്ച് ഗണിതാന്തരീക്ഷം സൃഷ്ടിക്കുക
  6. നിരന്തര മൂല്യനിർണ്ണയം നടത്തുക

1 മുതൽ 4 വരെ ക്ളാസുകളിൽ ശാസ്ത്ര പഠനത്തിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും പഠനനേട്ടം ഉറപ്പാക്കുന്നതിനും പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ശാസ്ത്രാന്തരീക്ഷം ഒരുക്കുന്നതിനായി തുടങ്ങിയതാണ് സയൻസ് ക്ളബ്ബ്. ഇതിൻ്റെ ചില പ്രവർത്തനങ്ങൾ താഴെ പറയുന്നു:
Chinganalloor Science Club
ശാസ്ത്ര ക്ളബ്ബ്
  1. 1 മുതൽ 4 വരെ പഠനത്തിനു സഹായകമായ, ശാസ്ത്രമൂലയിൽ ഉണ്ടായിരിക്കേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കലും അവയുടെ സജ്ജീകരണവും
  2. പഠനയാത്രകൾ
  3. ഐ.സി.ടി സാദ്ധ്യതയിലൂടെ ഗവേഷണാത്മക പ്രവർത്തനങ്ങൾ
  4. ക്ളാസ് തലത്തിൽ ചെറു പരീക്ഷണങ്ങൾ നടത്തി നിരീക്ഷിക്കുകയും കണ്ടെത്തലുകൾ നടത്തുകയും CONCLUSION-കളിൽ എത്തിച്ചേരുകയും ചെയ്യുന്നു.
  5. സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ ശാസ്ത്രപുസ്തകങ്ങളെ പരിചയപ്പെടൽ
  6. നിരന്തര മൂല്യനിർണ്ണയം

കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ച് കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്താൻ എഴുത്തുകൂട്ടത്തിനു കഴിയുന്നു. ക്ളബ്ബിലെ ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു:
Chinganalloor School Magazine
സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു
  1. ചുമർ പത്രിക തയ്യാറാക്കൽ
  2. കവിതകൾ, ബാലകഥകൾ എന്നിവയെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം
  3. മലയാളത്തിളക്കത്തിലെ ഭാഷാ പ്രോജക്ട് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ
  4. സ്കൂൾ മാഗസിനിലേക്ക് എല്ലാ കുട്ടികളുടെയും സൃഷ്ടികൾ ആവശ്യപ്പെടുന്നു
  5. നിരന്തരം മൂല്യനിർണ്ണയം നടത്തുന്നു

കുട്ടികളെ ഭാഷാപരമായി ഉന്നതിയിലെത്തിക്കുക എന്ന പ്രത്യേക ലക്ഷ്യം വെച്ച് കൊണ്ട് ഭാഷാ ക്ളബ്ബ് പ്രവർത്തിക്കുന്നു. ഇതിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു:
Chinganalloor News reading
പത്രവായന
  1. കുട്ടികളുടെ നിലവിലെ ഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രീ ടെസ്റ്റ്
  2. അക്ഷരം ഉറപ്പിക്കൽ
  3. അടയാളം ഉറപ്പിക്കൽ
  4. അക്ഷരക്കാർഡ് നൽകൽ
  5. വാക്കുകൾ എഴുതിയ കാർഡ് നൽകൽ
  6. വാക്കുകളുടെ നിർമ്മാണം
  7. വാക്യങ്ങൾ നിർമ്മിക്കുക
  8. ചിത്രം-അടിക്കുറിപ്പ് രചന
  9. ചിത്രം-കഥ പറയൽ
  10. ചിത്രം-കഥ എഴുതിക്കൽ
  11. സ്കൂൾ ലൈബ്രറിയിൽ നിന്നും കഥാപുസ്തകം നൽകൽ
  12. സ്കൂൾ അസംബ്ളിയിലെ പത്രവായന
  13. മലയാളത്തിളക്കം പദ്ധതിയിലെ പാഠങ്ങൾ

News Reading
News Reading
കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ത്ഥ കണ്ടു പിടിച്ച് പരിഹരിച്ച് അവരെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് രൂപീകരിച്ചതാണ് വായനക്കൂട്ടം. ക്ളബ്ബിൻ്റെ പ്രവർത്തനങ്ങളിൽ ചിലത്:
  1. എല്ലാ സ്കൂൾ അസംബ്ളിയിലും പത്ര വായന നിർബന്ധമാക്കി. കുട്ടികൾ തനിയെ എഴുതിക്കൊണ്ടു വരുന്ന വാർത്തകളാണ് വായിപ്പിക്കുന്നത്. ഇത് കൊണ്ട് വായനയും എഴുത്തും ഒരു പോലെ മെച്ചപ്പെടുന്നു.
  2. സ്കൂൾ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുന്നു. ആദ്യം അമ്മമാർ വായിച്ച് പിന്നീട് കുട്ടികളെ കൊണ്ട് വായിപ്പിക്കുക എന്ന ശൈലിയിൽ പുസ്തകങ്ങളുടെ അവലോകനം നടത്തിക്കുന്നു.
  3. നല്ല വായന, അമ്മ വായന എന്നിവ കൂടാതെ കുട്ടികളുടെ പുരോഗതി അളക്കാൻ വേണ്ടിയും അറിവ് വർദ്ധിപ്പിക്കാൻ സഹായകരമായതുമായ ക്വിസ് നടത്തുന്നു.

ക്ളബ്ബിൻ്റെ ഈ രീതിയിലുള്ള പ്രവർത്തനം മൂലം താഴെ പറയുന്ന ഗുണങ്ങൾ ഉണ്ടാകുന്നു:
  1. കുട്ടികളുടെ സാമൂഹിക വിജ്ഞാനം മെച്ചപ്പെടുത്താൻ കഴിയുന്നു
  2. പദസഞ്ചയം മെച്ചപ്പെടുന്നു
  3. ചിന്താശേഷി മെച്ചപ്പെടുന്നു
  4. ഓർമ്മശക്തി മെച്ചപ്പെടുന്നു
  5. വിശകലനശേഷി മെച്ചപ്പെടുന്നു
  6. അറിവ് വർദ്ധിക്കുന്നു

HM Smt.Sulekha A.
HM Smt.Sulekha A.
മുൻ പ്രധാന അദ്ധ്യാപകർ
  • മുതുകുളം വാസുദേവൻ നായർ
  • കൊച്ചു കേശവൻ നായർ
  • രാഘവൻ പിള്ള
  • കമലാക്ഷിയമ്മ
  • ഗോപാലകൃഷ്ണൻ
  • രാധാമണിയമ്മ
  • ലീലാമ്മ

നിലവിലെ പ്രധാനാദ്ധ്യാപിക
ശ്രീമതി സുലേഖ എ.

മറ്റ് അദ്ധ്യാപകർ
  • ശ്രീമതി ലജ.സി.പിള്ള
  • കുമാരി ഗീത
  • ശ്രീമതി വിദ്യ
  • ശ്രീമതി ഹനീത
  • ശ്രീമതി ആനി

സ്കൂളിൽ താഴെ പറയുന്ന ഭൗതിക സൗകര്യങ്ങൾ ഉണ്ട്
  1. കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി: സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്.
  2. കമ്പ്യൂട്ടർ പഠനസൗകര്യം: കുട്ടികൾക്ക് ഐ.ടി.പഠനം സാദ്ധ്യമാക്കാൻ കമ്പ്യൂട്ടർ ക്ളാസ് ഉണ്ട്.
    Chinganalloor Computer
    Chinganalloor Computer
  3. മതിലും ഗേറ്റും:കുട്ടികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ ചെറിയ ഗേറ്റും സ്കൂൾ വാഹനത്തിന് പ്രവേശിക്കാൻ വലിയ ഗേറ്റും
  4. ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ: കുട്ടികൾക്ക് ഒഴിവു സമയം ആനന്ദിക്കാനും ഒത്തൊരുമ കൂട്ടാനും സ്കൂളിന് അഭിമാനമായി മുൻവശത്ത് സ്ളൈഡും ഊഞ്ഞാലും സ്ഥാപിച്ചിരിക്കുന്നു.
    Chinganalloor Swing
    Chinganalloor Swing
  5. സ്കൂൾ ഗ്രൗണ്ട്: വെയിലാറിയ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ സഹായകരമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  6. സ്കൂൾ വാഹന സൗകര്യം: കുട്ടികളെ സുരക്ഷിതമായും സൗകര്യമായും സ്കൂളിലെത്തിക്കാൻ വേണ്ടി കൃത്യമായ ഫിറ്റ്നസ്സ്, രേഖകൾ ഉള്ളതും പരിചയസമ്പന്നനായ ഡ്രൈവർ ഉള്ളതുമായ സ്കൂൾ വാഹനം ഏർപ്പെടുത്തിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
    Chinganalloor Slide
    Chinganalloor Slide
  7. 1 മുതൽ 4 വരെ ക്ളാസുകൾക്ക് കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബ്: കുട്ടികളെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഉതകുന്ന കമ്പ്യൂട്ടർ ലാബും പരിശീലനവും സ്കൂളിൽ ഉണ്ട്.
  8. സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കള: ഗ്യാസ് ഉപയോഗിച്ച് അടുക്കള കൃത്യമായും കാര്യക്ഷമമായും മികച്ച ഭക്ഷണം തയ്യാറാക്കി നൽകാൻ പാകത്തിലുള്ളതും സ്റ്റോറേജ് സൗകര്യങ്ങളുമുള്ള അടുക്കള.
  9. കുടിവെള്ളത്തിൻ്റെ ലഭ്യത: ഏത് സമയത്തു കുട്ടികൾക്ക് ദാഹമകറ്റാൻ പാകത്തിൽ സ്കൂൾ സമയത്തിനു വളരെ മുൻപേ തന്നെ തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കി വെക്കുന്നു.
  10. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്: വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്.
  11. വാട്ടർടാങ്ക്: അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു.
    Chinganalloor Library
    Chinganalloor Library
  12. സ്കൂൾ ലൈബ്രറി: സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്.

കുട്ടികളെ ഉത്തമ സാമൂഹ്യ ബോധമുള്ളവരാക്കാനും അവരിൽ മനുഷ്യസ്നേഹവും സഹജീവിസ്നേഹവും സഹാനുഭൂതിയും വളർത്താനും വേണ്ടി തുടങ്ങിയതാണ് സോഷ്യൽ ക്ളബ്ബ്.
പ്ളാസ്റ്റിക്കിനെതിരെ ലഘുലേഖനം

ഈ അദ്ധ്യയന വർഷത്തിൽ [2018-'19] സോഷ്യൽ ക്ളബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ചില പ്രവർത്തനങ്ങൾ ചുവടെ:
  • മഴക്കെടുതിയിൽ വലഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു.
  • ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്ളാസ്റ്റിക് വർജ്ജിച്ചു കൊണ്ട് പ്ളാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ ആശയം ഉൾക്കൊണ്ട് സമീപ പ്രദേശത്തെ കടകളിലും ദേശവാസികൾക്കും പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായുള്ള ലഘുലേഖകൾ വിതരണം ചെയ്തു.

പരിസ്ഥിതി ക്ളബ്ബിൻ്റെ ഭാഗമായി ഗ്രൗണ്ടിനോട് ചേർന്ന് ജൈവക്കൃഷി നടത്തുന്നു. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് കൃഷിഭവൻ, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും ഗ്രോ ബാഗുകളിലും മണ്ണിലും നട്ട് പി.ടി.എ, കുട്ടികൾ എന്നിവർ പരിപാലിച്ച് വിളവെടുക്കുന്നു.
Organic Farming
Organic Farming
ചീര പോലുള്ള ഇലച്ചെടികളും, തക്കാളി, പച്ചമുളക്, കത്തിരി, വഴുതന, കോളിഫ്ളവർ, കാബേജ്, പാവക്ക, കോവൽ, ഓമ, വാഴ എന്നിവ കൃഷി ചെയ്യുകയും ഉച്ചയൂണിന് കറികൾ തയ്യാറാക്കാൻ ഇതിലെ വിളവുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.
എല്ലാ വൃശ്ചിക മാസം ആരംഭത്തിലും ശീതകാല പച്ചക്കറി കൃഷി വിപുലമായ രീതിയിൽ തന്നെ ചെയ്യുന്നു. ചിങ്ങോലി കൃഷിഭവനിൽ നിന്നും കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിച്ച് നടത്തുന്ന കൃഷി പരിസ്ഥിതി ക്ളബ്ബിൻ്റെ ഏറ്റവും വിജയകരമായ സംരംഭമാണ്.
ഇതേ പോലെ തന്നെ സ്കൂൾ ഗാർഡൻ പി.ടി.എ-യും വിദ്യാർത്ഥികളും ചേർന്ന് വിപുലീകരിച്ച് കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രകൃതിസ്നേഹമുള്ളവരാക്കാനും പ്രകൃതി സംരക്ഷണത്തിൻ്റെ നല്ല പാഠങ്ങൾ പഠിപ്പിക്കാനും ജൈവ വൈവിധ്യത്തെയും അവയുടെ ജീവിത ചക്രത്തെയും പറ്റി വിശദമായി മനസ്സിലാക്കിക്കുവാനും സാധിക്കുന്നു.


MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget